KeralaNews

മലപ്പുറത്തേയും കണ്ണൂരിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂഡല്‍ഹി: കേരളവും, കര്‍ണാടകയുമുള്‍പ്പടെയുള്ള പത്തിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുകയാണ്. കണ്ണൂര്‍ താണയിലെ ഒരു വീട്ടില്‍ പുലര്‍ച്ചെയോടെ പരിശോധന ആരംഭിച്ചു.

സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലീം യുവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button