ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു വരുത്തി. അന്തിമ പട്ടികയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സോണിയ ഗാന്ധി പട്ടികയില്‍ ഇടപെടുകയായിരുന്നു. സമീപ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സോണിയയുടെ ഇടപെടല്‍. നേമത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള കെ. മുരളീധരന്‍ നല്‍കിയ പട്ടിക കൂടി പരിശോധിച്ച ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ധാരണയായ ചില മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്. കെ. മുരളീധരനെ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.
അതേസമയം എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മണ്ഡലത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളുടെ തീരുമാനം. എലത്തൂരില്‍ എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
എലത്തൂര്‍ മണ്ഡലത്തില്‍ എന്‍സികെയുടെ പ്രവര്‍ത്തകരില്ലെന്നും അതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. നേരത്തെയും ഇത്തരത്തിലുള്ള ആവശ്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഷയത്തില്‍ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.