ന്യൂഡല്‍ഹി: വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്തവര്‍ഷം അദ്ദേഹം വീട്ടില്‍ പതാകയുയര്‍ത്തുമെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
അടുത്തവര്‍ഷം ഒരിക്കല്‍ക്കൂടി അദ്ദേഹം പതാകയുയര്‍ത്തും. അത് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരിക്കും-മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന് മറുപടിയായി ഖാര്‍ഗെ പറഞ്ഞു. അടുത്ത തവണയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍വെച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന സൂചനയോടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുത്തിരുന്നില്ല. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നവും വീട്ടില്‍ ത്രിവര്‍ണപ്പതാക ഉയര്‍ത്താന്‍ ഉണ്ടായിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ ഖാര്‍ഗെ എത്തിയിരുന്നു.