NationalNews

‘അഴിമതി’ എന്ന അക്ഷരം മിണ്ടിപ്പോകരുത്; നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങളും ഇനി പാര്‍ലമെന്‍റില്‍ പാടില്ല

ഡൽഹി: അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.  ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.

പാർലമെണ്ട് കവാടത്തിൽ സ്ഥാപിച്ച സിംഹ രൂപം വലിയ വിവാദങ്ങളിലേക്ക് സർക്കാരിനെ നയിയ്ക്കുന്നതിനിടെയാണ് പാർലമെണ്ടിനുള്ളിൽ പുതിയ പരിഷ്ക്കാരം ഇന്ദ്രപ്രസ്ഥത്തിന്‍റെ മുഖമടക്കം മാറ്റി അധികാര തുടര്‍ച്ചക്ക് ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊളോണിയല്‍ ഭരണകാലത്തെ നിര്‍മ്മിതികള്‍ പോലും തുടച്ചുനീക്കാനാണ് മോദി ആഗ്രഹിക്കുന്നത്. അങ്ങനെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റിന്‍റെ മുഖഛായ മാറ്റി ആ ദൗത്യത്തിന് തുടക്കമിടുകയാണ് മോദി സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുമ്പോള്‍ ഭരണ തുടര്‍ച്ചയെന്ന അമിത ആത്മവിശ്വാസമാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്.

പ്രതിപക്ഷം ഇല്ലെന്ന രീതിയിലാണ് സര്‍ക്കാരിന്‍റെ പോക്ക്. അല്ലെങ്കില്‍, അവരെ  കണ്ടില്ലെന്ന് നടിക്കുന്നു. ഇനിയുള്ള നാല്‍പത് വര്‍ഷം ബിജെപിയുടേതായിരിക്കുമെന്ന അമിത്ഷായുടെ ആത്മവിശ്വാസവും കാണാതെ പോകരുത്. അങ്ങനെ പ്രതിപക്ഷത്തെ പാടേ ഒഴിവാക്കിയാണ് പുതുതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. അയോധ്യയിലടക്കം കണ്ടത് പോലെ ഭൂമി പൂജയോടെയായിരുന്നു പാര്‍ലമെന്‍റ് മന്ദിരത്തിന് മോദി തറക്കല്ലിട്ടത്.

ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത ചടങ്ങിലും പൂജ ഒഴിവാക്കിയില്ല.  മന്ത്ര ജപങ്ങള്‍ക്കിടയിലൂടെ പൂജ പുഷ്ചങ്ങള്‍ സമര്‍പ്പിച്ച് ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത നടപടി ഭരണഘടന തത്വങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പിന്നാലെയാണ് ദേശീയ ചിഹ്നമായ സാരാനാഥ് സ്തൂപത്തിലെ സിംഹത്തിന്‍റെ  ഭാവം വിവാദമാകുന്നത്. ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢവുമായ ഭാവം മാറി രൗദ്രഭാവത്തില്‍ പുതിയ ദേശീയ ചിഹ്നം അവതരിപ്പിച്ചതാണ് പ്രതിപക്ഷം വിവാദമാക്കുന്നത്. നരഭോജിയെന്ന് തോന്നിക്കും വിധം സിംഹത്തെ അവതരിപ്പിച്ചത് വഴി കേന്ദ്ര സര്‍ക്കാരിന്‍റെയും മോദിയുടെയും മുഖമാണ് വ്യക്തമായതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.

വൈകൃതം നിറഞ്ഞ സൃഷ്ടി എടുത്ത് മാറ്റണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം നോട്ടത്തിന്‍റെ കുഴപ്പമാണന്ന ന്യായീകരണവുമായി പ്രതിപക്ഷ വിമര്‍ശനത്തിന്‍റെ മുനയൊടിക്കാനാണ് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ശ്രമം. ദേശീയ ചിഹ്നത്തിലുള്ള സാരാനാഥിലെ അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത് തറനിരപ്പിലാണ്. പുതിയ മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്നത് മുപ്പത്തിമൂന്ന് മീറ്റര്‍ ഉയരത്തിലാണ്. സ്കെച്ചടക്കം ഉദ്ധരിച്ച് രൗദ്രഭാവം നോട്ടത്തിന്‍റെ സൃഷ്ടിയാണെന്ന ന്യായീകരണമാണ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

സ്തംഭത്തിന്‍റെ ഡിസൈനര്‍മാരും ന്യായീകരണവുമായി രംഗത്തുണ്ട്. ദ്വിമാന ചിത്ര രൂപത്തിലുള്ള അശോക സ്തംഭത്തെയാണ് ത്രിമാന ശില്‍പവുമായി താരതമ്യം ചെയ്യുന്നതെന്നും ആകൃതിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഡിസൈന്‍മാരായ സുനില്‍ ദേവ്റ, റോമില്‍ മോസസ് എന്നിവര്‍ പ്രതികരിച്ചു.

രൗദ്രഭാവത്തിനൊപ്പം സത്യമേവ ജയതേ എന്ന വാക്യം ഒഴിവാക്കിയതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. നടന്‍ അനുപം ഖേറിനെ പോലുള്ള ചിലര്‍ വിവാദത്തില്‍ സര്‍ക്കാരിന്‍റെ പക്ഷം ചേര്‍ന്നിരിക്കുന്നു. എന്തായാലും സിംഹഭാവ വിവാദം ഇന്ദ്രപസ്ഥത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയിട്ടിരിക്കുകയാണ്. ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്ന ആക്ഷേപത്തില്‍ നിയമ വിദഗ്‍ധരുമായി ആലോചിച്ച് എന്ത് ചെയ്യാമെന്ന ആലോചനയില്‍ കൂടിയാണ് പ്രതിപക്ഷം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button