KeralaNationalNews

സുപ്രീംകോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാര്‍; മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു

ദില്ലി: മൂന്ന് വനിതകൾ ഉൾപ്പടെ ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു. കേരള-കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാര്‍ശ കീഴ്വഴക്കം ലംഘിച്ച് രണ്ടാമതും കേന്ദ്രം മടക്കി. അതേസമയം സുപ്രീംകോടതിയിൽ നിയമിച്ച ഒമ്പത് പുതിയ ജഡ്ജിമാര്‍ രാവിലെ ചുമതലയേറ്റു.

കേരളവും, കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. ഇതിൽ 12 പേരുകൾ 2019 ജൂലായ് മാസത്തിൽ നൽകിയതായിരുന്നു. തീരുമാനം രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷമാണ് പേരുകൾ പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിലപാട്.

കേരള ഹൈക്കോടതിയിലേക്ക് കെ.കെ.പോളിനെ നിയമിക്കാനുള്ള ശുപാർശ ഇത് രണ്ടാംതവണയാണ് നിരസിക്കുന്നത്. ഒരിക്കൽ മടക്കിയ പേര് കൊളീജയം രണ്ടാമതും അയച്ചാൽ അത് അംഗീകരിക്കണം എന്നതാണ് കീഴ്വഴക്കം. ആ കീഴ്വഴക്കം കൂടിയാണ് കേന്ദ്രം തെറ്റിച്ചത്. ഇതോടെ കോടതി ഉത്തരവിലൂടെ ജഡ്ജിമാരെ നിയമിക്കണമെന്ന നീക്കത്തിലേക്ക് സുപ്രീംകോടതി പോകാനുള്ള സാധ്യതയും തള്ളാനാകില്ല.

മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പുതിയ ജഡ്ജിമാർ ഇന്ന് സുപ്രീംകോടതിയിൽ ചുമതലയേറ്റു. ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി.ടി.രവികുമാറിന്‍റെ സത്യപ്രതിജ്ഞ. ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി.വി.നഗരത്ന, ജസ്റ്റിസുമാരായ ശ്രീനിവാസ് ഓഖ, വിക്രം നാഥ്, ജെ.കെ.മഹേശ്വരി, ഹിമ കോലി, എം.എം.സുന്ദരേഷ്, ബേല ത്രിവേദി, പി.എസ്.നരസിംഹ എന്നിവരും ചുമതലയേറ്റു. ആറാംനമ്പര്‍ കോടതിയിൽ ജസ്റ്റിസ് എസ്.കെ.കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി.ടി.രവികുമാറിന്‍റെ ആദ്യ ദിനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button