കോട്ടയം: മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍.ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്തിനൊപ്പം ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് ഭക്തജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അംഗീകരിച്ചത്.
ക്ഷേത്രത്തിലെത്തിയ മന്ത്രിയെയും ബോര്‍ഡ് പ്രസിഡണ്ടിനെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്നു നടന്ന യോഗത്തിലാണ് ക്ഷേത്രത്തിനായുള്ള വികസനപദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചത്.
നിലവില്‍ ക്ഷേത്രത്തില്‍ നിത്യപൂജയുണ്ടെങ്കിലും ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പൂജകളില്ലായിരുന്നു. താല്‍ക്കാലിക ജീവനക്കാരായിരുന്നു പൂജകാര്യങ്ങള്‍ നോക്കിയിരുന്നത്. മുഴുവന്‍ സമയപൂജയാകുന്നതോടെ കൂടുതല്‍ ജീവനക്കാരെ ക്ഷേത്രത്തില്‍ നിയമിയ്ക്കും. ഇതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിലും വന്‍തോതില്‍ വര്‍ദ്ധനയുണ്ടാവും.
ക്ഷേത്രനടപന്തല്‍,ഉപദേശകസമിതി ഓഫീസ്,ക്ഷേത്രക്കുളം നവീകരണം തുടങ്ങിയ പദ്ധതികളിലും സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും സഹായമുണ്ടാവുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ ഉറപ്പുനല്‍കി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊട്ടാരം ക്ഷേത്രത്തില്‍ മുഴുവന്‍ സമയപൂജവേണമെന്നത് ഭക്തജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു. ദേവസ്വം മന്ത്രിയായി സ്ഥലം എം.എല്‍.എ കൂടിയായ വാസവന്‍ ചുമതലയേറ്റെടുത്തതോടെ ഉപദേശകസമിതി ഭാരവാഹികള്‍ മന്ത്രിയെക്കണ്ട് ആവശ്യമുന്നയിച്ചു. ഇതോടെയാണ് നടപടികള്‍ വേഗത്തിലായത്.
ക്ഷേത്രത്തിന് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള എല്ലാം സഹായങ്ങളും ഉണ്ടാവുമെന്ന് പ്രസിഡണ്ട് പി.എസ്.പ്രശാന്ത് ഉറപ്പ് നല്‍കി.നടപ്പന്തല്‍ നിര്‍മ്മിയ്ക്കുന്നതിന് 20 ലക്ഷം രൂപവരെ അനുവദിയ്ക്കുന്നതിന് തടസങ്ങളില്ല.ഒപ്പമുണ്ടായിരുന്ന ദേവസ്വം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശവും പ്രസിഡണ്ട് നല്‍കി.
ക്ഷേത്ര ഉപദേശക സമിതി ഓഫീസ്,ക്ഷേത്രക്കുളം നവീകരണം,കൊടിമരനിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സാഹയത്തോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു. ഇവയുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ നടത്തും
ഉപദേശകസമിതി പ്രസിഡണ്ട് സി.ജി.രാജഗോപാല്‍,സെക്രട്ടറി റാം മോഹന്‍,വൈസ് പ്രസിഡണ്ട് സദാശിവന്‍,ജോ.സെക്രട്ടറി ശ്രീകുമാര്‍,ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി