തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം സംസ്ഥാനത്ത് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍പരിശോധനയ്ക്കായി സമിതി രൂപവത്കരിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ സ്‌കീം രൂപവത്കരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍കൂടി പഠിച്ചായിരിക്കും സംസ്ഥാനത്ത് പുതിയ അഷ്വേര്‍ഡ് സ്‌കീം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.