NationalNews

രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസനം, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസം, അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ മലയാളി രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസന വകുപ്പുകള്‍. മൂന്നാം തവണ രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. വി മുരളീധരന്റെ വകുപ്പുകളില്‍ മാറ്റമില്ല.

ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. നേരത്തെ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. ഹര്‍ദീപ് സിങ് പുരിയാണ് പുതിയ പെട്രോളിയം മന്ത്രി. നഗരവികസന വകുപ്പിന്റെ അധിക ചുമതലയുമുണ്ട്. ഹര്‍ദീപ് കൈകാര്യം ചെയ്തിരുന്ന വ്യോമയാന വകുപ്പ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ലഭിച്ചു.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി വൈഷണവ് ആണ് റെയില്‍വേ മന്ത്രി. ഐടി വകുപ്പും അദ്ദേഹം കൈകാര്യം ചെയ്യും. അനുരാഗ് ഠാക്കൂര്‍ ആണ് പുതിയ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. സ്പോര്‍ട്ട്സ്, യുവജനകാര്യ വകുപ്പും നല്‍കിയിട്ടുണ്ട്. പുരുഷോത്തം രൂപാല – ഫിഷറീസ്, ഗിരിരാജ് സിങ്- ഗ്രാമവികസനം, പശുപതികുമാര്‍ പരസ് – ഭക്ഷ്യ സംസ്‌കരണം, ഭൂപേന്ദ്രയാദവ് – പരിസ്ഥിതി, തൊഴില്‍, സര്‍ബാനന്ദ സോനോവാള്‍- ഷിപ്പിങ്, ആയുഷ്, നാരായണ്‍ റാണെ- ചെറുകിട വ്യവസായം എന്നിങ്ങനെയാണ് വകുപ്പുകള്‍.

റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയലിനെ വാണിജ്യം, വ്യവസായം വകുപ്പ് മന്ത്രിയായി മാറ്റി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണം, ടെക്സ്റ്റയില്‍സ് വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്. നേരത്തെ സ്മൃതി ഇറാനിയായിരുന്നു ടെക്സ്റ്റയില്‍സ് വകുപ്പ് കൈകാര്യം ചെയ്തത്. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജിജുവാണ് പുതിയ നിയമമന്ത്രി.

ഡോ. വീരേന്ദ്രകുമാറിന് സാമൂഹിക നീതി വകുപ്പിന്റെ ചുമതല നല്‍കി. മന്‍സൂഖ് മാണ്ഡവ്യയാണ് പുതിയ ആരോഗ്യമന്ത്രി. രാസവളം വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഡോ. ഭാരതി പ്രവീണ്‍ പാവര്‍ ആണ് ആരോഗ്യവകുപ്പ് സഹമന്ത്രി. ജി കിഷന്‍ റെഡ്ഡിക്ക് സാംസ്‌കാരികം, ടൂറിസം വകുപ്പുകളുടെ ചുമതല നല്‍കി. മീനാക്ഷി ലേഖിയെ വിദേശകാര്യ വകുപ്പ് സഹമന്ത്രിയായും നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button