24.6 C
Kottayam
Sunday, May 19, 2024

യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു; പേയ്‌മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളി

Must read

ഡല്‍ഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും നാളുകളില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗ്ള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള യുപിഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാവുമെന്നും ഈ രംഗത്തുള്ളവര്‍ പ്രവചിക്കുന്നു.

യുപിഐ പ്ലഗിന്‍ എന്നോ അല്ലെങ്കില്‍ മര്‍ച്ചന്റ് സോഫ്റ്റ്‍വെയര്‍ ഡെവലപ്‍മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതിയതായി വരുന്നത്. ഇതിലൂടെ വ്യാപാരികള്‍ക്ക് ഒരു വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ളതിനേക്കാള്‍ അല്‍പം കൂടി വേഗത്തിലും, മൊബൈല്‍ ഫോണില്‍ ഒരു പേയ്മെന്റ് ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാതെയും യുപിഐ ഇടപാടുകളിലൂടെ പണം നല്‍കാന്‍ സാധിക്കുമെന്നതാണ് നേട്ടം.

ഉദാഹരണമായി ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനില്‍ റസ്റ്റോറന്റും ഭക്ഷണവും തെരഞ്ഞെടുത്ത് കഴിഞ്ഞ് പണം നല്‍കാന്‍ യുപിഐ ഇടപാട് തെരഞ്ഞെടുക്കുമ്പോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍ പേ പോലുള്ള ഒരു ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കുകയും അവിടെ പണം നല്‍കിയ ശേഷം വീണ്ടും ഭക്ഷണ വിതരണ ആപ്പിലേക്ക്  തിരികെയെത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊരു ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കുകയും തിരികെ വരികയും ചെയ്യുമ്പോള്‍ ഇടപാട് റദ്ദാവാനോ പൂര്‍ത്തിയാവാതിരിക്കാനോ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതാണ് പുതിയ രീതി.

പണം നല്‍കാനായി യുപിഐ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ യുപിഐ ഇടപാടും നടത്തുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഇടപാടുകളുടെ വിജയ സാധ്യത ഏതാണ്ട് 15 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ സംവിധാനം ഒരു വെല്ലുവിളിയാവുമെന്ന തരത്തിലാണ് ഫോണ്‍പേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാർ രാഹുല്‍ ഛാരി കഴിഞ്ഞ മാസം പ്രതികരിച്ചത്. എന്നാല്‍ ഇതില്‍  ഇടപാടുകളുടെ വിജയ ശതമാനം കൂട്ടാന്‍ സാങ്കേതികമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

നിലവിലെ രീതിയില്‍ നിന്ന് ഇടപാടുകളുടെ ഉത്തരവാദിത്തം ബാങ്കുകളിലേക്കും മെര്‍ച്ചന്റ് ആപ്ലിക്കേഷനുകളിലേക്കും മാറ്റുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നതെന്ന് രാഹുല്‍ ഛാരി  കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍ക്ക് അവരുടെ ബിസിനസില്‍ ശ്രദ്ധിക്കാനുള്ള സമയം ഇത്തരം കാര്യങ്ങളില്‍ കൂടുതലായി ചെലവഴിക്കേണ്ട അവസ്ഥ ഉണ്ടാവുക മാത്രമാണ് ഫലത്തില്‍ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week