29.5 C
Kottayam
Wednesday, May 8, 2024

കൊവിഡ് രൂക്ഷമാകുന്നു,പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ

Must read

ന്യൂഡൽഹി:കോവിഡ് പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.
പരിശോധനയിലും കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാർഡ് തലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താം.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാവണം ഇത്.

ജനങ്ങൾ അന്തർസംസ്ഥാന യാത്രകൾ നടത്തുന്നതോ സാധനസാമഗ്രികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

അയൽരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13,165 പേർ കൂടി രോഗമുക്തി നേടുകയും 132 പേർക്കു കൂടി ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രയിൽ ഇതുവരെ 25,33,026 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേർ രോഗമുക്തി നേടിയപ്പോൾ 53,589 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. നിലവിൽ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

പുണെ ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,722 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുണെയിൽ മാത്രം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 9,640 ആയിട്ടുണ്ട്.

പുണെയിൽ ഇതുവരെ 4,79,521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,27,400 പേർ രോഗമുക്തി നേടി. നിലവിൽ 42,650 സജീവ കേസുകളാണ് ജില്ലയിലുള്ളത്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ.വരാനിരിക്കുന്ന ഹോളി, ഷബ്-ഇ- ബാരാത്ത്, നവരാത്രി തുടങ്ങിയവ പൊതുസ്ഥലത്ത് ആഘോഷിക്കുന്നതിനും പൊതുസ്ഥലത്തുള്ള ഒത്തുചേരലുകൾക്കും അനുമതിയില്ല. ഇക്കാര്യം കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,101 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 620 പേർ രോഗമുക്തി നേടിയപ്പോൾ നാലു പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഡൽഹിയിൽ ഇതുവരെ 6,49,973 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നും ഡൽഹി സർക്കാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week