മുംബൈ:നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും പുതിയ വരിക്കാരെ ആകര്‍ഷിക്കാനും വൻ പദ്ധതികളാണ് നെറ്റ്ഫ്ലിക്സ് ആസൂത്രണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ പരസ്യം കാണിച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് പരസ്യ-പിന്തുണയുള്ള പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചത്. ഈ വർഷം അവസാനത്തോടെ പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു.
നെറ്റ്ഫ്ലിക്സിന് പുതിയ വരിക്കാരെ ആവശ്യമുണ്ട്. കമ്പനിക്ക് ഇപ്പോൾ 200 ലക്ഷം പണമടച്ചുള്ള വരിക്കാരുണ്ട്. പണമടച്ചുള്ള വരിക്കാരുടെ മാന്ദ്യം കമ്പനിയുടെ വരുമാന വളർച്ചയെ മുരടിപ്പിച്ചു. ആറു മാസത്തിനുള്ളിൽ മുന്നൂറോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതിന്റെ കാരണവും ഇതാണ്. എന്നാൽ, പരസ്യം കാണിച്ചുള്ള പ്ലാനുകൾക്ക് കുറച്ചുകൂടി കമ്പനിയെ രക്ഷിക്കാൻ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. ഈ പ്ലാനുകളുടെ നിരക്കുകൾ ഏറെ കുറഞ്ഞതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നെറ്റ്ഫ്‌ളിക്‌സിന്റെ വരിസംഖ്യ പലര്‍ക്കും താങ്ങാനാകാത്തതാണെന്ന് വിമര്‍ശനം ഉണ്ട്. വെറും വിമര്‍ശനം മാത്രമല്ല സബ്‌സ്‌ക്രൈബര്‍മാരുടെ കനത്ത കൊഴിഞ്ഞു പോക്കും കമ്പനി ഈ വര്‍ഷം ആദ്യമുണ്ടായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ലെ ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം ഏകദേശം 200,000 വരിക്കാരാണ് നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചത്. കനത്ത പ്രതിസന്ധിയാണ് ഇതു കമ്പനിക്കുണ്ടാക്കിയത്. കമ്പനിക്ക് ഓഹരി വിപണിയിലും കടുത്ത ആഘാതമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം മൂല്യമാണ് ഇടിഞ്ഞത്. നെറ്റ്ഫ്‌ളിക്‌സിന് ഏകദേശം 7000 കോടി ഡോളര്‍ നഷ്ടം വന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
ഇതെല്ലാമാണ് മറ്റു സാധ്യതകള്‍ ആരായാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ മാസവരിസംഖ്യ ഉടനെ കുറയ്ക്കുമെന്ന കാര്യം കമ്പനി മേധാവി ടെഡ് സാറന്‍ഡോസ് തന്നെയാണ് വെളിപ്പെടുത്തിയത്. വരിസംഖ്യ കുറയുമെന്നത് സത്യമാണെങ്കിലും അതിന് ഒരു കുഴപ്പമുണ്ട്. കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ സ്വീകരിക്കുന്നവര്‍ പരസ്യങ്ങള്‍ കാണേണ്ടിവരും. അതേസമയം പരസ്യം കണ്ടോളാം, പക്ഷേ ഇത്രമാത്രം മാസവരി അടയ്ക്കാനാവില്ലെന്ന് ലോകമെമ്പാടും നിന്നുള്ള പല വരിക്കാരും പറഞ്ഞതാണ് ഇപ്പോള്‍ കമ്പനി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. വമ്പന്‍ സാധ്യതയുള്ള ഇന്ത്യ പോലെയൊരു രാജ്യത്തും നെറ്റഫ്‌ളിക്‌സിന് വേണ്ടത്ര വരിക്കാർ ഇല്ലാത്തതിന്റെ കാരണവും വരിസംഖ്യാ പ്രശ്‌നമാണ്. അതേസമയം, പരസ്യമില്ലാതെയുള്ള പ്രീമിയം സേവനം തുടരുകയും ചെയ്യും.