നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി വീട്ടിലെത്തിക്കും
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും (39) കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. മൃതദേഹങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള കുഴിമാടങ്ങള്‍ തയാറാക്കി. മൂന്ന് കുഴിമാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കും. മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച (7), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു കുഴിമാടത്തില്‍ പെട്ടിയിലാക്കി സംസ്‌കരിക്കും.
പ്രവീണിന്റെയും ശരണ്യയുടെയും കുഴിമാടത്തിന് മധ്യഭാഗത്തായാണ് മക്കളുടെ കുഴിമാടം ഒരുക്കിയിരിക്കുന്നത്. മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കഴിഞ്ഞ മൂന്ന് ദിവസമായി രോഹിണി ഭവനില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ എത്തിക്കുന്നതും കാത്ത് ചേങ്കോട്ടുകോണം, അയ്യന്‍കോയിക്കല്‍ പ്രദേശവാസികളും പ്രവീണിന്റെ ബന്ധുക്കളും കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.