EntertainmentNationalNews

നേപ്പാളിൽ ഹിന്ദി സിനിമകൾക്ക് നിരോധനം, കാരണമിതാണ്

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദര്‍ശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളില്‍ എതിർപ്പുകള്‍ ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ  നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി.  

നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ജാനകി എന്നറിയപ്പെടുന്ന സീത തെക്കുകിഴക്കൻ നേപ്പാളിലെ ജനക്പൂരിലാണ് ജനിച്ചതെന്നാണ് നേപ്പാളിലെ വിശ്വാസം. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ “ആദിപുരുഷ്” പൊഖാറയിലും പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.  വിവാദത്തെ തുടർന്ന് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊഖാറ മെട്രോപോളിസിലെ മേയർ ധനരാജ് ആചാര്യ സ്ഥിരീകരിച്ചു.

അതേസമയം വിവാദ ഡയലോഗ് നീക്കം ചെയ്യാതെ “ആദിപുരുഷ്” പ്രദർശിപ്പിക്കുന്നത് വലിയ പ്രശ്നത്തിന് കാരണമാകുമെന്ന് കാഠ്മണ്ഡു മേയർ വ്യക്തമാക്കിയിട്ടുണ്ട്.  സിനിമയിൽ നിന്ന് വിവാദ ഭാഗം നീക്കം ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകിയെന്നും. അത് പാലിക്കാത്തതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കാഠ്മണ്ഡു മേയര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

കാഠ്മണ്ഡുവിലെ നിരോധനത്തിന് പിന്നാലെ ആദിപുരുഷ് നിര്‍മ്മാതാക്കളായ ടി-സീരീസിന്‍റെ രാധിക ദാസ് കാഠ്മണ്ഡു മേയർക്ക് ഒരു ഒരു കത്ത് എഴുതിയിട്ടുണ്ട്. ചിത്രത്തിലെ ഡയലോഗ്  ഒരിക്കലും മനഃപൂർവ്വം ഉള്‍പ്പെടുത്തിയതല്ലെന്നും, ആര്‍ക്കും പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നും കത്തില്‍ പറഞ്ഞു.  

സിനിമയെ കലയായി കാണാനും ഞങ്ങളുടെ പാരമ്പര്യത്തില്‍ താൽപ്പര്യം സൃഷ്ടിക്കുന്നതിന് കൂടുതൽ പ്രേക്ഷകരിലേക്ക് അത് എത്തിക്കാനുള്ള ഉദ്ദേശത്തെ പിന്തുണയ്ക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – എന്ന് കത്തില്‍ പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button