News

അവസാനിക്കില്ല, മാസ്‌കിന്റെ ഉപയോഗം 2022ലും തുടരും; മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ആദ്യപടിയായി ഉപയോഗിച്ചുവരുന്ന മാസ്‌കിന്റെ ഉപയോഗത്തിന് ഈ വര്‍ഷവും അവസാനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം വികെ പോള്‍. മാസ്‌ക് ധാരണം 2022 ലും തുടരേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു, കൂടാതെ ഫലപ്രദമായ മരുന്നുകള്‍ ആവശ്യമാണെന്നും പോള്‍ പറയുന്നു.

”കുറച്ച് കാലത്തേക്ക് മാസ്‌ക് ധരിക്കുന്നത് ഇല്ലാതാകാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരെ നമ്മള്‍ മാസ്‌ക് ധരിക്കുന്നത് തുടരും,” പോള്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്ന് പോള്‍ പറഞ്ഞു. അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്‌സിന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്‍മതില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അത് നടക്കുമെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 339 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി. ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെര്‍ ഡയറക്ടര്‍ ജഗത് റാം പറഞ്ഞു. സിറോ സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കേരളത്തില്‍ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രികളില്‍ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 870 മെട്രിക് ടണ്‍ ഓക്സിജന്‍ നിലവില്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജന്‍ സ്ഥാപിക്കാന്‍ സഹായകരമാവുന്ന പ്ലാന്റുകള്‍ സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button