ന്യൂഡല്‍ഹി: വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പാക്ക് താരം അര്‍ഷാദ് നദീമിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വാസ്തവം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്.
ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്ക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും അത് തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നുവെന്നും നീരജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ജാവലിനില്‍ കൃത്രിമം കാട്ടി എന്നാരോപിച്ച് പാക്ക് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. മത്സരത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു താരം.
ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് നീരജ് രംഗത്തെത്തിയത്. നദീം കൃത്രിമം കാട്ടിയിട്ടില്ലെന്നും അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നീരജ് വ്യക്തമാക്കി.”മത്സരങ്ങള്‍ക്ക് മുമ്പ് ഓരോ മത്സരാര്‍ഥിയും അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പ്പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിനുകളില്‍ ഏത് മത്സരാര്‍ഥിക്കും പരിശീലിക്കാം. നദീം തയ്യാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. അതത്ര വിഷയമാക്കേണ്ട കാര്യമില്ല. പോള്‍ വാള്‍ട്ടിനൊഴികെ മറ്റെല്ലാ മത്സരയിനങ്ങള്‍ക്കും ബാധകമായ നിയമമാണത്.” താരം പറഞ്ഞു.
മത്സരാര്‍ഥികള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.