നീലിമംഗലം അപകടം,പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോട്ടയം:നീലിമംഗലം പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ അരൂക്കുഴുപ്പില്‍ അലന്‍ ആന്റണിയാണ് (29)മരിച്ചത്.കോതനല്ലൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.അപകടത്തേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.രാത്രിയോടെ മരണം സംഭവിച്ചു.ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആവശ്യങ്ങള്‍ക്കായി കോട്ടയം പോയി മടങ്ങുംവഴിയായിരുന്നു അപകടം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ കെഎസ്.ആര്‍.ടി.സി ബസ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കോട്ടയത്തു നിന്നും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ.സി ലോഫ്ളോര്‍ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി. പരിക്കേറ്റ് കിടക്കുന്ന ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ വാഹനം ഇടിച്ചിട്ടില്ലെന്നായിരുന്നു കെ.എസ്ആര്‍ടിസി ജീവനക്കാരുടെ വാദം. ഇതിനിടെ അപകടത്തിനിടയാക്കിയ ബസിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാരോടു ബസ് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു.