തിരുവനന്തപുരം: മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആസ്വാദക മനസുകള്‍ക്ക് നല്കിയ മലയാളത്തിന്റെ മഹാനടന് യാത്രയായി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണബഹുമതികളോടു കൂടി നെടുമുടിയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ നടനവിസ്മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഒരു12.30 വരെ അയ്യങ്കാളി ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാസംകാരിക, സാമൂഹിക രംഗത്തെ നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.
നായകനായും വില്ലനായും സഹനടനായും നിറഞ്ഞുനിന്ന് പ്രണയവും ശൃംഗാരവും ഹാസ്യവും കാര്‍ക്കശ്യവും വാല്‍സല്യവുമെല്ലാം ഒരുപോലെ പ്രേക്ഷകരെ അനുഭവിപ്പിച്ച കലാകാരനായിരുന്നു നെടുമുടി വേണു.നടന്, സംവിധായകന്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, ഗായകന്, സംഗീത സംവിധായകന്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധങ്ങളായ ഇടങ്ങളില്‍ മലയാള സിനിമയില്‍ മേല്‍വിലാസം കുറിച്ചിടാനും ഈ കലാകാരനു സാധിച്ചു.