മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി പിളർപ്പിലേക്ക്. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻ.സി.പിയെ പിളർത്തി പ്രതിപക്ഷ നേതാവ് അജിത് പവാർ രാജ്ഭവനിലെത്തി. 13 എം.എൽ.എമാരുടെ പിന്തുണയുള്ള അജിത് പവാർ മന്ത്രിസഭയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിട്ടുണ്ട്. ഇരുവരും ചേർന്ന് ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് കരുതുന്നത്. ഇന്ന് വൈകീട്ടോടെ സത്യപ്രതിജ്ഞയുണ്ടാകും.
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചുമതലയൊഴിയാൻ സന്നദ്ധ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെ നീക്കം. ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് നേരത്തേയും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതെല്ലാം തള്ളി പിന്നീട് രംഗത്തെത്തുകയായിരുന്നു അജിത് പവാർ.
കഴിഞ്ഞ മാസം എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു. പാർട്ടിയിൽ ഉന്നത സ്ഥാനം ലഭിക്കാത്തതിൽ അജിത് പവാർ അസ്വസ്ഥനായിരുന്നു.
ഇന്ന് രാവിലെ സുപ്രിയ സുലെയും നേതാക്കളായ ഛഗൻ ഭുജ്ബാലും ജയന്ത് പാട്ടീലും അടക്കമുള്ള നേതാക്കൾ വസതിയിലെത്തി അജിത് പവാറിനെ കണ്ടിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ലെന്നാണ് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.