തൃശ്ശൂര്‍:ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവ് കേസിൽ അകത്താക്കാനും ക്വട്ടേഷന്‍ നല്‍കിയ കേസിൽ അറസ്റ്റിലായ യുവതിക്ക് ജാമ്യം അനുവദിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി പ്രമോദിനെ ആക്രമിക്കാൻ ഭാര്യ നയന (30) ആണ് ക്വട്ടേഷൻ നൽകിയത്. സംശയം തോന്നിയ ഭർത്താവ് നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. നെടുപുഴ പൊലീസ് ആണ് ഭർത്താവിന്റെ പരാതിയിൽ നയനയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് പ്രമോദ് നെടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതും ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. ഇരുവരും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനിൽക്കുന്നുണ്ട്. പ്രമോദ് ആണ് നയനയ്‌ക്കെതിരെ കുടുംബകോടതിയിൽ കേസ് നല്കിയിരിക്കുന്നതെന്നാണ് വിവരം. കുടുംബകോടതിയിൽ തനിക്ക് അനുകൂലമായ വിധി ഉണ്ടാകാൻ വേണ്ടിയാണ് നയന പ്രമോദിനെതിരെ കഞ്ചാവ് കേസും ആസിഡ് ആക്രമണ കേസും പ്ലാൻ ചെയ്തത്.
കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ വൈരാഗ്യത്തില്‍ ആണ് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭര്‍ത്താവിനെതിരേ കുറ്റംചുമത്താന്‍ ഇവർ ക്വട്ടേഷൻ നൽകിയത്. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു നയന കൂട്ടാളികളുടെ ചേർന്ന് പദ്ധതിയിട്ടത്.