പാല്‍ഘര്‍: അജ്ഞാതസംഘം നാവികനെ തട്ടികൊണ്ടുപോയി പോയി ചുട്ടുകൊന്ന സംഭവത്തിൽ അന്വേഷണം നാവികന്റെ സാമ്പത്തിക ഇടപാടുകളിലേക്കും നീളുന്നു. നാവികന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഓഹരി വിപണിയിലെ ഇടപാടുകൾക്കായി 22 ലക്ഷം രൂപ വിവിധ സ്ഥലങ്ങളിൽ നിന്ന് വായ്പ എടുത്തെന്നാണ് കണ്ടെത്തൽ.
കൊലപാതകം നടത്തിയ മൂന്ന് പേരെ കുറിച്ച് നാവികൻ മരണ മൊഴിയിൽ സൂചന നൽകിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇതുവരെ നടത്തിയ അന്വേഷണത്തിലാണ് മറ്റു ചില നിർണായകമായ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ഓഹരി വിപണിയിൽ നാവികൻ നിരന്തരം ഇടപാടുകൾ നടത്തിയിരുന്നു. സുരജ് കുമാറിന് മൂന്ന് മൊബൈൽ ഫോണും ഉണ്ടായിരുന്നുവെന്നും അതിലൊന്ന് ഓഹരി ഇടപാടുകൾക്ക് മാത്രമായി മാറ്റി വച്ചതാണെന്നും പൊലീസ് പറഞ്ഞു.
ഈ മൊബൈലിനെ കുറിച്ച് ബന്ധുക്കൾക്ക് അറിയില്ല. ഓഹരി വിപണിയിൽ ചെലവഴിക്കാനായി എട്ടു ലക്ഷം രൂപ പേഴ്സണൽ ലോൺ ആയും അഞ്ച് ലക്ഷം രൂപ സഹപ്രവർത്തകരിൽ നിന്നും എട്ടു ലക്ഷം രൂപ കുടുംബാംഗങ്ങളിൽ നിന്നും വായ്പയായി കൊല്ലപ്പെട്ട സൂരജ് കുമാർ ദുബെ വാങ്ങിയിട്ടുണ്ട്. എന്നാൽ, ഓഹരി ഇടപാടുകൾക്കായി പണം ചെലവഴിച്ച രണ്ട് അക്കൗണ്ടുകളിലായി 392 രൂപ മാത്രമാണ് ഇപ്പോഴുള്ളത്.
സാമ്പത്തിക ബാധ്യതകളുടെ പേരിൽ ഭീഷണി ഉണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ജനുവരി 31നാണ് ലീവ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങവേ ജാർഖണ്ഡ് സ്വദേശിയായ സൂരജ് കുമാർ ദുബെയെ ചെന്നൈയിൽ വച്ച് തട്ടിക്കൊണ്ട് പോയത്. പത്തുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിലെ ഒരു വനത്തിലെത്തിച്ച് നാവികനെ കത്തിച്ചു കൊല്ലുകയായിരുന്നു.