മുംബൈ: അറബിക്കടലില്‍ വെച്ച് ആക്രമിക്കപ്പെട്ട ചരക്കുകപ്പല്‍ മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യന്‍ തീരത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെ വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി. ചെം പ്ലൂട്ടോ എന്ന കപ്പലാണ് മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രത്തിന്റെ അകമ്പടിയോടെയാണ് ആക്രമണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെം പ്ലൂട്ടോ മുംബൈയിലെത്തിയത്.
മുംബൈയിലെത്തിയ കപ്പലില്‍ നാവികസേനയുടെ എക്‌സ്‌പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്‌പോസല്‍ സംഘം വിശദമായ പരിശോധന നടത്തി. കപ്പലില്‍ ഡ്രോണ്‍ ആക്രമണം നടന്നതായി നാവികസേന സ്ഥിരീകരിച്ചു. കപ്പലിലെ ആക്രമണം നടന്ന ഭാഗത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫോറന്‍സിക്, സാങ്കേതിക പരിശോധനകള്‍ വേണ്ടിവരുമെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ശനിയാഴ്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലില്‍ 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാം പൗരനുമാണ് ഉണ്ടായിരുന്നത്. ന്യൂ മംഗളൂരു തുറമുഖത്തേക്ക് വരുന്ന വഴിയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. കൂടാതെ നിരീക്ഷണത്തിനായി നേവിയുടെ പി-8ഐ ലോങ്-റേഞ്ച് പട്രോളിങ് എയര്‍ക്രാഫ്റ്റും അറബിക്കടലിന് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ട്. ഐ.എന്‍.എസ്. മുര്‍ഗാവ്, ഐ.എന്‍.എസ്. കൊച്ചി, ഐ.എന്‍.എസ്. കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ റോന്തുചുറ്റുന്നത്.
ചെങ്കടലിലെത്തുന്ന കപ്പലുകള്‍ക്കുനേരെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍ ബന്ധമുള്ളതോ ഇസ്രയേലിലേക്ക് പോകുന്നതോ ഇസ്രയേലില്‍ നിന്ന് വരുന്നതോ ആയ കപ്പലുകളാണ് ഹൂതികള്‍ ആക്രമിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനോടുള്ള പ്രതികരണമായാണ് ഇത്. എം.വി. ചെം പ്ലൂട്ടോ ആക്രമിച്ചതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.