ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം. സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍ സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അശോക് ചവാന്‍, മിലിന്ദ് ദിയോറ എന്നിവരുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് സിദ്ദുവിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും മകനും എംപിയുമായ നകുല്‍നാഥും നാളെ ബിജെപിയിലേക്ക് പോകും. മുന്‍ മന്ത്രി സജ്ജന്‍ സിംഗ് വര്‍മയും തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ നിന്നും കോണ്‍ഗ്രസ് ബന്ധം സൂചിപ്പിക്കുന്ന ഭാഗം ഉപേക്ഷിച്ചിട്ടുണ്ട്.
റാലി സംഘടിപ്പിച്ചതില്‍ സിദ്ദുവിനെതിരെ മുതിര്‍ന്ന നേതാക്കള്‍ നടപടി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം കൂടിയായ സിദ്ദു കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം വിളിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നകുല്‍നാഥ് സോഷ്യല്‍ മീഡിയ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് എന്നത് എടുത്ത് മാറ്റിയത്. ഛിന്ദ്വാരയില്‍ നിന്ന് നകുലിന് ലോക്‌സഭയിലേക്ക് ബിജെപി ടിക്കറ്റ് നല്‍കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിലെ തീരുമാനത്തിന് കാത്തിരിക്കുകയാണ് കമല്‍നാഥെന്നാണ് ലഭിക്കുന്ന സൂചനകള്‍.