തിരുവനന്തപുരം:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി.
പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തു. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി അറിയിച്ചത്. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും സിപിഎമ്മും ചേർന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരം.
പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. നവകേരള സദസ്സ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കോൺഗ്രസ് രംഗത്തിറങ്ങുന്നത്.
ഇതിനിടെ, നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിൽ കല്ലിയൂരിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.തിരുവനന്തപുരത്തെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്.
വീടിനു നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നുപ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാർച്ച് ഉണ്ടായിരുന്നു.