തിരുവനന്തപുരം:കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നവജീവന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 50-65 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ-ധനസഹായം അനുവദിക്കും.
അമ്പതു വയസ്സു കഴിഞ്ഞിട്ടും കാര്യമായ വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം നല്‍കുകയാണ് എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനായി സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും.
വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്‍മാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നതും നവജീവന്‍ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും.
ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ജില്ലാ-സംസ്ഥാന സഹകരണബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ മുഖേന സ്വയംതൊഴില്‍വായ്പ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്ന വര്‍ഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12,500 രൂപയായിരിക്കും സബ്‌സിഡി.
കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിര്‍മ്മാണം, ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്, മെഴുകുതിരി നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഡിടിപി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാധ്യതയുളള സംരംഭങ്ങളും ആരംഭിക്കാം.
വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. അതേസമയം സംയുക്തസംരംഭങ്ങളും ആരംഭിക്കാം. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനമാണ് നവജീവന്‍ പദ്ധതിയെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പാക്കും.