NationalNews

10 വര്‍ഷത്തില്‍ കണ്ടുകെട്ടിയത് ഒരുലക്ഷം കോടിയുടെ സ്വത്തുക്കൾ; ഇ.ഡിയെ പുകഴ്ത്തി മോദി

ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോദി ഇ.ഡിയെ കുറിച്ച് വാചാലനായത്. ഇ.ഡിയുടെ നടപടികളില്‍ പ്രതിപക്ഷം ഭയചകിതരാണെന്നും മോദി പറഞ്ഞു.

‘2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പി.എം.എല്‍.എ) 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2014 വരെ 5000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയതെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് അത് ഒരുലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളായി വര്‍ധിച്ചു. പ്രോസിക്യൂഷന്‍ പരാതികളുടെ എണ്ണവും പത്ത് മടങ്ങ് വര്‍ധിച്ചു.’ -മോദി പറഞ്ഞു.

‘ഭീകരതയ്ക്ക് ഫണ്ട് ചെയ്തവര്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, മയക്കുമരുന്ന് വ്യാപാരം എന്നിവയുമായെല്ലാം ബന്ധപ്പെട്ട ചില വ്യക്തികളെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിഞ്ഞു. ആയിരം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.’

‘ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചില ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ആ കാരണം കൊണ്ടുതന്നെ അവര്‍ രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണ്. പക്ഷേ രാജ്യത്തിന് അവരോട് ഒരു അനുകമ്പയുമില്ല.’ -മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കാലത്ത് കടലാസില്‍ കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ട് പ്രതിപക്ഷം സ്വപ്‌നങ്ങള്‍ നെയ്യുകയാണെന്നും എന്നാല്‍ മോദി സ്വപ്‌നങ്ങള്‍ക്കുമപ്പുറം ‘ഗ്യാരണ്ടി’യിലേക്ക് പോയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ മാത്രമാണ് ഇ.ഡി. കേസുകളെടുക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേസുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് ഇല്ലാതാകുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അത്തരത്തില്‍ അഴിമതിയാരോപണമുള്ള നേതാക്കളെ രക്ഷിച്ചെടുക്കുന്ന ‘വാഷിങ് മെഷീനാ’ണ് ബി.ജെ.പി. എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button