തൂത്തുക്കുടി തുറമുഖത്ത് കപ്പലിൽനിന്ന് 400 കിലോ മയക്കുമരുന്ന് സെൻട്രൽ റവന്യു ഇൻറലിജൻസ് വിഭാഗം പിടികൂടി. സാർവദേശീയ വിപണിയിൽ ഇതിന് ആയിരം കോടിയിലധികം വിലയുണ്ട്.
തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിൽനിന്ന് തൂത്തുക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കപ്പൽ മാർഗം മരക്കട്ടകൾ ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിലാണ് ചാക്കുകളിൽ സൂക്ഷിച്ച 400 കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. സിംഗപ്പൂർ, ശ്രീലങ്ക തുറമുഖങ്ങൾ വഴിയാണ് കപ്പൽ തൂത്തുക്കുടിയിലെത്തിയത്.
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് അയക്കാനിരുന്നതാണെന്നും മയക്കുമരുന്ന് കടത്തിന് പിന്നിലുള്ള കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കപ്പൽ തുറമുഖത്ത് പിടിച്ചിട്ടു.