കാന്‍സറിനോട് ആത്മബലം കൊണ്ട് പടവെട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോള്‍ നന്ദുമഹാദേവന്‍ എന്ന ചെറുപ്പക്കാരന് പകരം കൊടുക്കേണ്ടി വന്നത് അവന്റെ ഒരു കാലായിരിന്നു. കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിനക്ക് കാല് വേണോ അതോ ജീവന്‍ വേണോ എന്ന ഡോക്ടര്‍ ചോദിച്ചപ്പോള്‍ എനിക്ക് കാല് വേണ്ട എന്റെ ജീവന്‍ മതി, കാല് പോയാലും എന്റെ മുഖത്തെ പുഞ്ചിരി മായാതെ നിലനില്‍ക്കും എന്നായിരിന്നു നന്ദുവിന്റെ മറുപടി. ഒരു കാലു നഷ്ടപ്പെട്ടിട്ടും നന്ദുവിന്റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവ് വന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ അവന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുകയായിരിന്നു. ഇപ്പോഴിത ഒറ്റകാലും വെച്ചുകൊണ്ട് കാവടിയെടുത്ത് പളനിമലയുടെ 1008 പടികള്‍ കയറി ജീവതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലും തളരില്ലെന്ന് നമുക്ക് കാണിച്ച് തന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. സുഹൃത്തുക്കളും കൂടെ നിന്നതോടെ നന്ദുവിന്റെ പളനിമല ചവിട്ടലിന്റെ കാഠിന്യം കുറച്ചു കുറഞ്ഞു.
തിരുവനന്തപുരം ആറ്റിങ്ങലിലെ സായികൃഷ്ണയെന്ന വാടക വീട്ടിലെ ഹരിയുടെയും ലേഖയുടെയും മൂത്ത മകനാണ് നന്ദു മഹാദേവ. ബി.ബി.എ പഠനം കഴിഞ്ഞ് അച്ഛനൊപ്പം കാറ്ററിംഗ് സര്‍വീസില്‍ സജീവമായപ്പോഴാണ് നന്ദുവിനോട് വിധി ക്രൂരത കാട്ടിയത്. ഒന്നര വര്‍ഷം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ ഇടത് കാല്‍മുട്ടിന് അനുഭവപ്പെട്ട വേദനയാണ് തുടക്കം. പരിശോധനയില്‍ കാന്‍സര്‍ ആണെന്ന് വ്യക്തമായി. കഴിഞ്ഞ മേയ് 1ന് ഇടതുകാല്‍ അരയ്ക്ക് താഴെവച്ച് മുറിച്ച് നീക്കി. 24 വര്‍ഷം സ്വന്തമായിരുന്ന ഇടംകാല്‍ നഷ്ടപ്പെട്ടപ്പോഴും നന്ദു പതറിയില്ല. ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് മോചിതനായാല്‍ സംഗീതം പഠിക്കണം, സിനിമയില്‍ പാടണം എന്നിങ്ങനെയുളള മോഹങ്ങളും കുടുമ്പത്തിന്റെയും സുഹൃത്തുക്കളുടേയും പിന്തുണയുമാണ് മനക്കരുത്ത് നല്‍കി നന്ദുവിനെ മുന്നോട്ട് നയിച്ചത്. കീമോ നടന്നുകൊണ്ടിരുന്നപ്പോള്‍ നന്ദു രണ്ടു പാട്ട് പാടുകയും ചെയ്തു.
നന്ദുവിന്റെ അമ്മ ലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
നന്ദുമഹാദേവ ….വെറും2 kg മാത്രം ഭാരം ഉള്ള മഹാന്‍..ജനിച്ചു…..6 ദിവസം മുതല്‍ പൊരുതി തുടങ്ങിയ മഹാന്‍….പിന്നെ 45 ആം ദിവസം ന്യൂമോണിയ ബാധിച്ചു….അവിടന്നും ഉയര്‍ന്നു എഴുനേറ്റു..9 വയസ്സില്‍ പാമ്പ് കാലിന്റെ തുടയില്‍ ചുറ്റിവരിഞ്ഞു പേടിപ്പിച്ചു….13 വയസ്സില്‍ കരിം തേള്‍ കുത്തി……പിന്നെ നിരവധി ആക്‌സടന്റ്….24 വയസ്സില്‍ മാരകമായ ക്യാന്‍സര്‍ ബാധിച്ചു ഒരു കാല്‍ ഫുള്‍ മുറിച്ചു മാറ്റി(ഇപ്പോഴും ഞാന്‍ ഓര്‍മിക്കുന്നു എന്റെ പൊന്നു മോന്‍ പിച്ചവച്ചു ആത്യം ആയി നടന്ന നിമിഷം) ഒരു കാലു കൊടുത്തിട്ടും ക്യാന്‍സര്‍ പിടിവിട്ടില്ല അടുത്തു ശ്വാസകോശ ത്തില്‍ കേറി പിടിച്ചു..അതും അവന്‍ മന കട്ടി കൊണ്ടു വരുതിയില്‍ ആക്കി കൊണ്ടു വരുന്നു…കീമോ ചെയിതു കൊണ്ടിരുന്നപ്പോള്‍ 2 പാട്ട് പാടി ആന്ധ്രാപ്രദേശില്‍ പുട്ടപാര്‍ത്തിയില്‍ പോയി ,ഇപ്പോള്‍ പളനി മലയിലെ 1008 പടി കാവടി യും കൊണ്ടു ഒറ്റ കാലില്‍ കയറി ….ഇതാണ് നന്ദുമഹാദേവ. വെറുതെ കരഞ്ഞു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതം,,,മനസ്സിനെ കരുത്തുറ്റത് ആക്കണം,കാറ്റ് ആയാല്‍ പോര കൊടും കാറ്റ് ആകണം,തീ ആയാല്‍ പോര കാട്ടു തീ ആകണം,ചെവി ഉണ്ടായാല്‍ പോര ചെവി തുറന്നു കേള്‍ക്കണം,കണ്ണു ഉണ്ടായാല്‍ പോര കണ്ണു തുറന്നു കാണണം,അതാണ് ജീവിതം