കൊച്ചി: ട്വിറ്റര്‍ വാറായി യൂബര്‍ ഇന്ത്യക്കെതിരായ എന്‍.എസ് മാധവന്റെ പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു ‘കേരളത്തില്‍ യൂബര്‍ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണം’ എന്ന ആവശ്യവുമായി എന്‍എസ് മാധവന്‍ ട്വീറ്റ് പങ്കുവെച്ചത്.
‘ഇതാര്‍ക്കുമറിയാത്ത കാര്യമല്ലല്ലോ’ എന്നൊരു കുത്തിനൊപ്പമായിരുന്നു യൂബര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്. റിപ്ലൈയില്‍ കാര്യം തിരക്കാനെത്തിയ യൂബര്‍ ‘വാലും തലയുമില്ലാതെ കുറ്റപ്പെടുത്താതെ കാര്യം പറയെന്നായി’. യൂബര്‍ ഇന്ത്യയുടെ മറുപടി ഇങ്ങനെ: പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. ഒപ്പം രജിസ്റ്റേര്‍ഡ് നമ്പറും പരാതിക്കാസ്പദമായ യാത്രയും തിയതിയും മറ്റ് വിവരങ്ങളും. ബാക്കി ഞങ്ങളുടെ ടീം നോക്കിക്കോളാം എന്നും.
വിട്ടുകൊടുക്കാന്‍ എന്‍എസും തയ്യാറായില്ല. ഇത് ഒരാളുടെ വിഷയമാക്കി ഒതുക്കേണ്ടതില്ല. നിങ്ങളുടെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം എത്ര ട്രിപ്പുകളാണ് നേരെ ചൊവ്വേ ഓടുന്നതെന്ന്. പേരിന് ഒന്നുപോലുമില്ല എന്നാകും കിട്ടുന്ന ഉത്തരം അദ്ദേഹം മറുപടിയായി കുറിച്ചു.
ഈ വാദത്തിന് പിന്തുണയുമായി എത്തിയ നിതിഷ് ജോര്‍ജ് എന്ന ട്വിറ്ററൈറ്റും യൂബര്‍ ഇന്ത്യയെ ട്രോളി പോയി. ‘അത്യാവശ്യസമയത്ത് ഒരു റൈഡ് കിട്ടുന്നതിനേക്കാള്‍ എളുപ്പം ലോട്ടറി അടിക്കാനാണ്’ അദ്ദേഹം ഇരുവരെയും ടാഗു ചെയ്ത ട്വീറ്റില്‍ പറഞ്ഞു. അതേസമയം, നേരത്തെയും ട്വിറ്ററില്‍ യൂബര്‍ ഇന്ത്യയ്ക്കെതിരെ സര്‍വ്വീസ് സംബന്ധിച്ച പരാതികളുയര്‍ത്തി ഹാഷ്ടാഗ് ക്യാംപെയിന്‍ നടന്നിരുന്നു.