KeralaNewsNews

പോലീസുകാരുടെ മരണത്തിൽ ദുരൂഹത;നായ ഓടിയത് മോട്ടോർപ്പുരയിലേക്ക്

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറെ.ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും ക്യാമ്പ് ക്വാട്ടേഴ്‌സിലുണ്ടായിരുന്നതായാണ് ജില്ലാ പോലീസ് മേധാവിയടക്കം വിശദീകരിക്കുന്നത്. വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തിയെന്നത് സംബന്ധിച്ചോ എന്തിന് പോയെന്നത് സംബന്ധിച്ചോ ആര്‍ക്കും അറിവില്ല

മൃതദേഹങ്ങള്‍ക്ക് കുറച്ച് അകലെയായി ഒരു മോട്ടോര്‍പ്പുരയുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ നായ മണംപിടിച്ച് ഓടിയത് ഈ മോട്ടോര്‍പ്പുരയിലേക്കാണ്. എന്തുകൊണ്ടാണ് നായ മണംപിടിച്ച് അങ്ങോട്ടേക്ക് ഓടിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. സംഭവസ്ഥലത്തുനിന്ന് മരിച്ചവരിൽ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ചുവന്ന കുടയും ഇവിടെ നിന്ന് ലഭിച്ചു.

പൊലീസുകാരുടെ മരണത്തിന് പിന്നില്‍ പന്നിക്കെണിയാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകി. ശരീരത്തില്‍ പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നും പരിശോധിക്കും.

മുട്ടിക്കുളങ്ങരയില്‍ മരിച്ച പോലീസുകാര്‍ പാടത്തിന് സമീപമുള്ള തോട്ടില്‍ മീന്‍ പിടിക്കാനോ മറ്റോ പോയതാകാമെന്നാണ് സംശയിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മരണകാരണം സംബന്ധിച്ചും ഇവര്‍ എങ്ങനെ ക്യാമ്പിന് പുറത്തെത്തിയെന്നത് സംബന്ധിച്ചും വിശദാന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിനായി ഹേമാംബിക നഗര്‍ സി.ഐ. എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എ.പി. രണ്ട് ബറ്റാലിയന്‍ കമാന്‍ഡന്റ് അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button