മുംബൈ: സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന പരാതിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന മിന്ത്ര ലോഗോ മാറ്റാനൊരുങ്ങുന്നു. നിലവിലെ ലോഗോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോഗോ മാറ്റുന്നത്.
അവേസ്ത ഫൗണ്ടേഷന്റെ എന്‍.ജി.ഒ പ്രതിനിധി നാസ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മിന്ത്രക്കെതിരേ പരാതി നല്‍കിയത്. ലോഗോ മാറ്റി കമ്പനിക്കെതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലടക്കം പട്ടേല്‍ ഇക്കാര്യം തുറന്നടിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് നടത്തിയ പരിശോധനയില്‍ ലോഗോ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് മനസിലായിട്ടുണ്ടെന്നും പിന്നാലെ മിന്ത്രയുടെ പ്രതിനിധികള്‍ക്ക് ഇമെയില്‍ അയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഷോപ്പിങ് ആപ്പിലും വെബ്സൈറ്റിലും പാക്കിങിലുമുള്‍പ്പടെ ലോഗോ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചതായി മുംബൈ പോലീസ് പറഞ്ഞു.