ഹൈദരാബാദ്:സിനിമാ കുടുംബത്തിൽ നിന്നും അച്ഛൻ ചിരഞ്ജീവിയുടെ പാത പിന്തുടർന്നാണ് രാംചരൺ തേജയെന്ന തെലുങ്ക് സൂപ്പർതാരം സിനിമയിലെത്തിയത്. കോളജ് പഠനം അവസാനിപ്പിച്ച ഉടൻ തന്നെ നായകനായി അഭിനയിച്ച് തുടങ്ങിയിരുന്നു രാംരൺ.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാംചരണിന് മനോഹരമായ നിരവധി സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചു. സക്സസ് ഫുള്ളായ വിവാഹ ജീവിതം പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ രാംചരണും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷം രാംചരണും ഉപാസനയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആദ്യം ഇരുവരും കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു.
വളരെ നാളത്തെ പ്രണയത്തിന് ശേഷം 2012ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. ലണ്ടനിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് രാംചരണും ഉപാസനയും പ്രണയത്തിലായത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്.
ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്. ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2011 ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം.
2012 ജൂൺ 14ന് വിവാഹിതരായി. വിവാഹിതരായതിന് പിന്നാലെ ഇരുവരും ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു. രാംചരൺ സിനിമയിലും ഉപാസന ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഇത്രയുംകാലം.
തങ്ങൾ തയ്യാറായിയെന്ന് തോന്നുമ്പോൾ മാത്രമെ കുഞ്ഞിനെ കുറിച്ച് ആലോചിക്കൂവെന്ന് ഉപാസന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിത ഭാര്യയെ കുറിച്ച് രാംചരൺ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ അമ്മയെ താൻ കെട്ടിപിടിക്കുന്നത് കാണുമ്പോൾ പോലും ഭാര്യ ഉപസാനയ്ക്ക് അസൂയ വരുമെന്നാണ് രാംചരൺ പറയുന്നത്.
‘എട്ട് സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് ഞാൻ എന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എനിക്ക് രണ്ട് വർഷത്തിൽ കൂടുതൽ ഒരു സ്കൂളിൽ പഠിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം എന്നെ അതിന് മുമ്പ് പുറത്താക്കും. എന്റെ മാർക്ക് എല്ലായ്‌പ്പോഴും മോശമായിരുന്നു. മറ്റ് കുട്ടികളിൽ ഞാൻ മോശമായ സ്വാധീനം ചെലുത്തിയിരുന്നു.’
‘എനിക്ക് കഷ്ടിച്ച് 40-50 ശതമാനം മാർക്ക് മാത്രമെ ലഭിച്ചിരുന്നുള്ളു. മാത്രമല്ല ഞാൻ അങ്ങേയറ്റം വികൃതിയും ആയിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ് അമ്മയുമായിട്ടായിരുന്നു. എന്നെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തപ്പോൾ പോലും എന്നെ പബ്ലിക്കിന് മുമ്പിൽ നാണം കെടുത്താതെ അമ്മ വളരെയധികം പിന്തുണച്ചു.’
‘മൂന്നാമതൊരാളുടെ മുന്നിൽ അത് എന്റെ അച്ഛന്റെ മുമ്പിൽ പോലും അമ്മ എപ്പോഴും എന്നെ സംരക്ഷിച്ച് മാത്രമെ സംസാരിക്കുമായിരുന്നുള്ളൂ. അമ്മയുടെ അടുത്തായിരിക്കുമ്പോൾ എനിക്ക് പൂർണ സുരക്ഷിതത്വം തോന്നുമായിരുന്നു. എന്റെ ജീവിതത്തിൽ അമ്മയ്ക്കുവേണ്ടി ഞാൻ എന്തും ചെയ്യും.’
‘ഞാൻ എപ്പോഴും അമ്മയെ കെട്ടിപിടിക്കാറുണ്ട്. ഞാൻ അങ്ങനെ ചെയ്യുമ്പോൾ എന്റെ ഭാര്യയ്ക്ക് അസൂയ വരും. വീട്ടിലെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റമാണ് അമ്മ. ഞങ്ങൾ അഭിനേതാക്കൾ ഞങ്ങളുടെ ഭാര്യമാരിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് ശാന്തതയും വീട്ടുകാര്യങ്ങളിൽ നിന്നുള്ള സമ്മർദ്ദമില്ലായ്മയുമാണ്.’
‘കാരണം ഞങ്ങളുടെ തൊഴിലിന് വളരെയധികം മാനസിക സമാധാനം ആവശ്യമാണ്. നമ്മൾ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുകയും എല്ലാ ദിവസവും മറ്റൊരാളായി പെരുമാറുകയും വേണം. വീട്ടിലെ പ്രശ്‌നങ്ങൾ നിങ്ങളുടെ മനസിനെ കീഴടക്കുകയാണെങ്കിൽ അഭിനയിക്കുമ്പോൾ അത് മുഖത്ത് വരും.’
‘തൊഴിലിനെ ബാധിക്കും. എന്റെ അമ്മ അത്തരം കാര്യങ്ങളെല്ലാം മനസിലാക്കിയിട്ടുള്ളതിനാൽ അച്ഛനെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കാറില്ല. അതിനാൽ അദ്ദേഹത്തിന് സ്വന്തം ജോലിയെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടി വന്നിട്ടില്ല.’
‘അമ്മയുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇന്ന് അച്ഛൻ എന്റെ അച്ഛനാകുമായിരുന്നില്ല. അത് അദ്ദേഹത്തിനും അറിയാം. ഞാനല്ലാതെ മറ്റാർക്കും ഉപാസനയെ കൈകാര്യം ചെയ്യാനോ അവളോടൊപ്പം മുന്നോട്ട് പോകനോ കഴിയില്ല.’
‘ഞാൻ സ്നേഹിക്കുന്ന സ്ത്രീ എന്റെ മേൽ ആധിപത്യം വെക്കുന്നത് എനിക്ക് ഇഷ്ടമാണ്’ രാംചരൺ അമ്മയെ കുറിച്ചും ഭാര്യയെ കുറിച്ചും സംസാരിക്കവെ പറഞ്ഞു.