കോഴിക്കോട്: കളമശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി പിഎംഎ സലാം. കേന്ദ്രമന്ത്രിയുടെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരുപ്പ് ആണെന്ന് പിഎംഎ സലാം വിമർശിച്ചു.
കേന്ദ്രമന്ത്രിക്ക് എതിരെ കേസ് എടുത്തത് ശരിയായ നിലപാടാണെന്നും കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് രാജ്യത്തിന്റെ ദൗർഭാഗ്യകരമായ അവസ്‌ഥയെ കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊലീസ് മുൻ വിധിയോടെ പെരുമാറിയെന്ന വിമർശനവും പിഎംഎ സലാം ഉന്നയിച്ചു. എവിടെയെങ്കിലും ഒരു വെളിച്ചം കണ്ടാൽ അത് ഒരു സമുദായത്തിന്റെ മുകളിൽ ഇടാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
പാനായിക്കുളം കേസിൽ വെറുതെ വിട്ടവരുടെ വീടുകളിൽ പോലും പരിശോധന നടത്തിയതായും പി എം എ സലാം പറഞ്ഞു. പൊലീസും കേന്ദ്രമന്ത്രിയും പ്രവർത്തിച്ചത് ഒരേ മുൻവിധിയോടെയാണ്, പ്രതി കീഴടങ്ങിയത് ആണ് വലിയ ഭിന്നത ഒഴിവാകാൻ കാരണം.
രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് നടപടികളുമായി മുന്നോട്ട് പോകണമെന്നും രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി കേസ് ഒതുക്കാൻ ശ്രമിച്ചാൽ യുഡിഎഫ് പ്രതികരിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.