FeaturedHome-bannerKeralaNews

മ്യൂസിയത്തും കുറവന്‍കോണത്തുമെത്തിയത് ഒരാള്‍: കണ്ടെത്തല്‍ സൈബര്‍ പരിശോധനയില്‍

തിരുവനന്തപുരം ∙ മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരേ ആൾ തന്നെയാണെന്ന് വ്യക്തമായത്.

പൊലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനു മുൻപായിരുന്നു വനിതാ ഡോക്ടർക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

ഇതേ വാഹനത്തിൽ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാൾ എത്തിയതായി പൊലീസിനു ലഭിച്ച വിവരമാണ് നിർണായകമായത്. പ്രതി എവിടുത്തുകാരനാണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്രതിയെന്നു സംശയിക്കുന്നയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മ്യൂസിയം പരിസരത്ത് ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവൻകോണത്തു വീടുകളിൽ കയറിയയാളും രണ്ടാണെന്നായിരുന്നു ഇതുവരെ പൊലീസിന്റെ നിലപാട്. എന്നാൽ, സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

സംഭവ ദിവസം രാവിലെയും തലേന്നു രാത്രിയിലും കുറവൻകോണത്ത് ഒരു വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിതാ ഡോക്ടർ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെത്തുടർന്ന് ഇതേ രൂപത്തിലുള്ള ആളാണ് തന്റെ വീട്ടിൽ മോഷണശ്രമം നടത്തിയതെന്ന് കുറവൻകോണം വിക്രമപുരം കുന്നിൽ അശ്വതി വീട്ടിൽ അശ്വതിയും വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button