ബെംഗളൂരു: അടുത്തിടെ ബെംഗളൂരുവിൽ 44 വയസ്സുകാരനായ വ്യവസായി കൊല്ലപ്പെട്ടത് സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കത്തെ തുടർന്നെന്നു സൂചന. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജൻസി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലർച്ചെ നായണ്ടഹള്ളിയിൽ പുതുതായി നിർമിച്ച വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാൻ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇയാൾ ഇപ്പോൾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനിടെയാണ് സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന വിവരം പുറത്തുവരുന്നത്.
ലിയാക്കത്തും ഇല്യാസും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജെജെ നഗറിലെ നിർമാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകൾ ആരംഭിച്ചതോടെ ലിയാക്കത്തുമായി തർക്കമുണ്ടായെന്നാണ് പൊലീസ് ഭാഷ്യം. ഇതിന്റെ തുടർച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവിൽ ലിയാക്കത്തിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം ഇങ്ങനെ:
കൊല്ലപ്പെട്ട ലിയാക്കത്തും ഇല്യാസും ജിമ്മിൽവച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും മൂന്നു വർഷത്തിലേറെയായി അടുപ്പത്തിലാണ്. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇല്യാസിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതു സംബന്ധിച്ച് ലിയാക്കത്തും ഇല്യാസും തമ്മിൽ തർക്കമുണ്ടായിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ഇല്യാസ് രാത്രി പത്തരയോടെയാണ് തിരിച്ചെത്തിയത്. തനിക്ക് വയറു വേദന അനുഭവപ്പെടുന്നതായി പിതാവിനോട് പറയുകയും ഗുളികയുമായി മുറിയിലേക്ക് പോകുകയും ചെയ്തു.
പിറ്റേന്ന് രാവിലെ, വേദന കൊണ്ട് പുളയുന്ന മകനെ കണ്ട പിതാവ് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നു മനസ്സിലാക്കി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ലിയാക്കത്തിനൊപ്പമാണ് ഇല്യാസ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നതെന്ന് ഇല്യാസിന്റെ പിതാവ് പൊലീസിനോടു പറഞ്ഞു. ലിയാക്കത്തിന്റെ 17 വയസ്സുള്ള മകൻ നൽകിയ പരാതിയിൽ മൂന്നു പേരെ സംശയമുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതിലൊരാൾ ഇല്യാസാണ്. ആശുപത്രിയിൽനിന്നു ഡിസ്ചാർജായ ശേഷം ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.