പാലക്കാട്: തരൂരിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
മിഥുനിന്റെ സഹോദരന്‍ അടക്കം ആറ് പേര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴ് ആയി. മാര്‍ച്ച് രണ്ടിന് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് അരുണ്‍ കുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.
അരുണ്‍ കുമാറിന്റെ മരണത്തിനിടയാക്കിയത് പേനാക്കത്തി പോലെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.