കൊച്ചി:മലയാളസിനിമ ഇപ്പോള്‍ നിലനില്‍ക്കുന്നത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആശ്രയിച്ചല്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമ വിറ്റുപോകാന്‍ പാകത്തിന് മാര്‍ക്കറ്റ് വാല്യുവുള്ള നടന്മാര്‍ ഇപ്പോള്‍ നിരവധിയുണ്ടെന്നും മുരളി ഗോപി വ്യക്തമാക്കി.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആശ്രയിച്ചല്ലേ മലയാള സിനിമ മുന്നോട്ടു പോകുന്നത് എന്നായിരുന്നു ചോദ്യം. ഇപ്പോള്‍ അങ്ങനെ അല്ലെന്നും അങ്ങനെ ആരോടും ഇപ്പോള്‍ ആശ്രയത്വം ഇല്ലെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി. മമ്മൂട്ടിയും മോഹന്‍ലാലും ഇതിഹാസങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സൂപ്പര്‍താരങ്ങളുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ അല്ലാതെ തന്നെ വിപണിമൂല്യമുള്ള നിരവധി അഭിനേതാക്കള്‍ ഇപ്പോള്‍ ഉണ്ട്.- മുരളി ഗോപി വ്യക്തമാക്കി.
ലൂസിഫറില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തേക്കുറിച്ചും മുരളി ഗോപി പറഞ്ഞു. തിരക്കഥയില്‍ ഒരുപാട് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ആളാണ് ഞാന്‍. രാജുവിന്റെ പ്രത്യേകത എന്തെന്നാല്‍ അദ്ദേഹം തിരക്കഥ കാണാപാഠം പഠിക്കും. അദ്ദേഹത്തിന് അങ്ങനെയൊരു കഴിവുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തിരക്കഥയില്‍ പൂര്‍ണ വ്യക്തത വരുത്തിയതിനു ശേഷമാണ് ഷൂട്ടിങ് ആരംഭിക്കുക.- മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.