ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് (Munnar Grama Panchayath) മണിമൊഴി രാജിവച്ചു. അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു നാടകീയ നീക്കം. കോൺഗ്രസുമായി ഇടഞ്ഞ രണ്ട് വിമതരെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനായിരുന്നു എൽഡിഎഫ് നീക്കം.
വോട്ടെടുപ്പിനായി എത്തിയ വിമതരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് വലിയ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അതേസമയം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
ഇരുപത്തിയൊന്നംഗ മൂന്നാര്‍ പഞ്ചായത്ത് ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത രണ്ട് വനിത അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനായിരുന്നു എൽഡിഎഫിന്‍റെ ശ്രമം. ഇതിലൊരാൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തതായും വിവരം പുറത്തുവന്നിരുന്നു.
പുതുമുഖങ്ങളെ തഴഞ്ഞ് മുമ്പും പ്രസിഡന്‍റായിട്ടുള്ള മണിമൊഴിക്ക് വീണ്ടും അവസരം നൽകിയതാണ് ഈ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടയാൻ കാരണം. അവസരം മുതലെടുത്ത എൽഡിഎഫ് മണിമൊഴിക്കെതിരെയും വൈസ് പ്രസിഡന്‍റ് മാര്‍ഷ് പീറ്ററിനെതിരെയും അവിശ്വാസ നോട്ടീസ് നൽകി. ലൈഫ് പദ്ധതിയിലടക്കമുള്ള വീഴ്ചയാണ് അവിശ്വാസത്തിന് കാരണമായി പറഞ്ഞത്.