കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമുണ്ടായത് വന്‍ നാശനഷ്ടം. മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച രാവിലെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.
വീടിന് പിന്നിലൂടെ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴ കരകവിഞ്ഞ് വെള്ളം കുത്തിയൊലിച്ചു വന്നതോടെ വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയായിരുന്നു. ഇതിന് പിന്നലെയാണ് വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയത്.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പിള്ളി മേഖലയില്‍ 15 പേരെ ആകെ കാണാതായിട്ടുണ്ട്. മഴക്കെടുതി ശക്തമായതോടെ സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ 10 മണിക്ക് പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. മഴയുടെ ശക്തി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് വടക്കന്‍ കേരളം. അണക്കെട്ടുകളില്‍ ജല നിരപ്പ് സാധാരണ നിലയിലാണ്.