മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മറികടന്ന് മുംബൈ ഇന്ത്യസ്. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. ഒന്നാം വിക്കറ്റില്‍ കിഷന്‍ – രോഹിത് ശര്‍മ (24 പന്തില്‍ 38) 101 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിണലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ആകാശ്ദീപ് സിംഗ് പുറത്താക്കി.
അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. പിന്നാലെ വന്ന സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. ഇതിനിടെ രോഹിത്തിനെ വില്‍ ജാക്‌സ് മടക്കി. നാലാം വിക്കറ്റില്‍ സൂര്യ – ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ പുറത്താവാതെ 21) സഖ്യം 37 റണ്‍സും ചേര്‍ത്തു. സൂര്യ, വിജയ്കുമാര്‍ വൈശാഖിന്റെ പന്തില്‍ മടങ്ങിയെങ്കിലും ഹാര്‍ദിക് – തിലക് വര്‍മ (10 പന്തില്‍ 16) സഖ്യം വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലിയുടെ (3) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. കോലിയെ ബുമ്ര പുറത്താക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ വില്‍ ജാക്‌സിനും (8) തിളങ്ങാനായില്ല. പിന്നീട് നാലാം വിക്കറ്റില്‍ ഫാഫ് – രജത് സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രജതിനെ പുറത്താക്കി ജെറാള്‍ഡ് കോട്‌സീ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.
ഇതിനിടെ ഫാഫ്, മഹിപാല്‍ ലോംറോര്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ബുമ്ര മടക്കി. എന്നാല്‍ ഹാട്രിക് വീഴ്ത്താനായില്ല. സൗരവ് ചൗഹാന്‍ (9), വിജയ്കുമാര്‍ (0) എന്നിവരെ കൂടി പുറത്താക്കി ബുമ്ര ഹാട്രിക്കിന് അടുത്തെത്തി. എന്നാല്‍ ഇത്തവണയും സാധിച്ചില്ല. കാര്‍ത്തികിനൊപ്പം ആകാശ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. കാര്‍ത്തിക് നാല് ഫോറും അഞ്ച് സിക്‌സും നേടി.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്‍.