തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവ്ലിനേക്കാള്‍ വലിയ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
സത്യപ്രതിജ്ഞാ ലംഘനമാണ് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള ഇടപാടിലൂടെ പിണറായി വിജയന്‍ നടത്തിയത്. സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സ്പ്രിങ്ക്‌ളര്‍ കമ്പനി സ്വകാര്യ-വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വ്യകതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഏതൊരു കരാറില്‍ ഏര്‍പ്പെടുമ്പോഴും അന്നത്തെ തീയതി കരാറില്‍ രേഖപ്പെടുത്തുക എന്നത് പ്രാഥമികമായ നടപടിക്രമമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും സ്പ്രിങ്ക്‌ളര്‍ കമ്പനിയും തമ്മില്‍ ഒപ്പു വച്ചിരിക്കുന്ന നിര്‍ണായകമായ പര്‍ച്ചേസ് ഓര്‍ഡറില്‍ ഐടി സെക്രട്ടറിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല.
ഓര്‍ഡര്‍ ഫോമില്‍ സ്പ്രിങ്ക്‌ളറിന്റെ വൈസ് പ്രസിഡന്റിന്റെ ഒപ്പിനൊപ്പം 2020 ഏപ്രില്‍ രണ്ട് എന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഐടി ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഒപ്പിനൊപ്പെം എന്തുകൊണ്ട് തീയതിയില്ല എന്ന് മുഖ്യമന്ത്രി പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.