തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടയിലും കാല്‍വെള്ളയിലും മുറിവും ചതവുമുണ്ട്. മൂര്‍ച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. ശരീരത്തില്‍ മൊത്തം 22 ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരമാസകലം മുറിവും ചതവുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.