കോട്ടയം: മാണി സി കാപ്പനെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം. മുന്നണി മാറ്റത്തിന് അദ്ദേഹം തയ്യാറായാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാം. കാപ്പനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പന്‍ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എന്‍സിപി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ മാണി സി കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ശരദ് പവാറുമായി മാണി. സി. കാപ്പന്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.