തിരുവനന്തപുരം: ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന ചിത്രത്തിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ.തനിക്ക് സിനിമ ചെയ്യാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നും അഭിപ്രായത്തെ താൻ മാനിക്കുന്നതായും അഭിനവ് പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിനവിന്റെ പ്രതികരണം.
അഭിനവിന്റെ വാക്കുകൾ ഇങ്ങനെ..’അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്, അതിൽ കുഴപ്പമില്ല. നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു’.
‘വിനീതേട്ടന് കഥ ഇഷ്ടമായതിനാലാണ് സിനിമയിലെത്തിയത്. അദ്ദേഹത്തിന് (ഇടവേള ബാബു) കേട്ടപ്പോൾ തെറ്റിപോയതാകാം. ലോകത്തിൽ പല തരം മനുഷ്യരുണ്ട്, എല്ലാവർക്കും ലോകത്തെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്. അതിനെ മറ്റൊരാൾക്ക് ചോദ്യം ചെയ്യാനാവില്ല’.
ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പറയുക എന്നതിനപ്പുറം അവർ ഇങ്ങനെ പറഞ്ഞു എന്നതിന് പ്രതികരിക്കേണ്ട ആവശ്യമില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് എന്റെ രീതിയിൽ സിനിമ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്’. അഭിനവ് സുന്ദർ പ്രതികരിച്ചു.
നേരത്തെ വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമക്കെതിരെ വിമർശനവുമായി താരസംഘടനയായ അമ്മയുടെ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബു സിനിമക്കെതിരെ വിമർസനം ഉന്നയിച്ചത്.
സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. ഈ സിനിമ ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്.
അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും പിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് …എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം
അതേസമയം സിനിമയ്ക്ക് വലിയ പിന്തുണയാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് തിയറ്റർ റിലീസിനു ശേഷം ഒടിടിയിൽ എത്തിയത് അടുത്തിടൊണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച നിരൂപണ പ്രശംസ നേടിയാണ് സിനിമ മുന്നോട്ടു പോകുന്നത്.
നവംബർ 11നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.ബ്ലാക്ക് കോമഡി ജേണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര, ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.