തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസംതന്നെ പത്രിക നല്‍കി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.മുകേഷ് എംഎല്‍എ. മുകേഷിന് 14.98 കോടിയുടെ സ്വത്താണുള്ളതെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 10.22 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
നിലവില്‍ മുകേഷിന്റെ കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉള്‍പ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്‌ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്.
2,40,000 രൂപ മൂല്യം വരുന്ന സ്വര്‍ണവുമുണ്ട്. ചെന്നൈ ടി-നഗറിലെ ഫ്‌ലാറ്റ് മുകേഷിന്റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്റെയും ഭാര്യ മേതില്‍ ദേവികയുടെയും പേരില്‍ 13 സെന്റ് വസ്തു തിരുവനന്തപുരം കടകംപള്ളി വില്ലേജിലുണ്ട്.
എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേര്‍ന്നാണു വാങ്ങിയത്. തമിഴ്‌നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കല്‍, ശക്തികുളങ്ങര, പോത്തന്‍കോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് പൂര്‍വിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്‌സ്യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്.
പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒരു കേസുണ്ടെന്നും പറയുന്നു. പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. പൊതുവഴി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേര്‍ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 4, കൊല്ലം- 3 , മാവേലിക്കര- 1, കോട്ടയം- 1, എറണാകുളം- 1, തൃശൂര്‍- 1, കോഴിക്കോട്- 1, കാസര്‍കോട്- 2. മറ്റു മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍കോട് ഒരാള്‍ മൂന്നു പത്രികയും സമര്‍പ്പിച്ചു.