മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണിയെന്ന് പരാതി. ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി വിളിച്ചത് റാഫി പുതിയകടവാണെന്ന് മുഈനലി തങ്ങൾ പൊലീസിൽ പരാതി നൽകി.
നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യവിഷൻ ആക്രമണക്കേസിലും പ്രതിയാണ് റാഫി പുതിയകടവ്.
പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിൽ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നൽകിയിരുന്നു.
ആരുമിവിടെ കൊമ്പുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലാണ്. പ്രായമാവുന്നതിന് അനുസരിച്ച് കാഴ്ച്ചയ്ക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.
നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചു തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പരാമര്‍ശത്തിലും വിമര്‍ശനം നടത്തിയിരുന്നു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും മു ഈനലി തങ്ങള്‍ പറഞ്ഞിരുന്നു.