കോഴിക്കോട് ∙ പോപ്പുലർ ഫ്രണ്ടിന്റെ അണികളെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കമാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അരലക്ഷത്തിലധികം വരുന്ന കേഡറുകളെ ആകർഷിക്കുകയെന്നതാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്. സിപിഎമ്മിലെ മതനിരപേക്ഷ സമൂഹം കണ്ണുതുറന്ന് ജാഗ്രതയോടെ ഇതു കാണണം.
പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയിൽ തിടുക്കം കാണിക്കേണ്ടതില്ലെന്നു പൊലീസിനോട് മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ സന്ദേശമാണ്. നിയമപരമായ നടപടിയാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം. മെല്ലെപ്പോക്ക് നയമാണ് ഇപ്പോൾ കാണുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതയോടെയുള്ള നീക്കമാണ് പൊലീസ് നടത്തിയത്.
5.2 കോടി രൂപ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽനിന്ന് ഈടാക്കണമെന്ന ഉത്തരവിനിടയിൽ ഹൈക്കോടതി സൂചിപ്പിച്ചത്, ഹർത്താൽ ദിനത്തിൽ കോടതി ആവശ്യപ്പെട്ടിട്ടും പൊലീസ് ഇടപെട്ടിട്ടില്ലെന്നാണ്. റിഹാബ് ഫൗണ്ടേഷനു താനുമായി ബന്ധമുണ്ടെന്ന് ഐഎൻഎൽ ദേശീയ വൈസ് പ്രസിഡന്റു വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ പറഞ്ഞത് ഉണ്ടയില്ലാവെടിയല്ല. മന്ത്രി അഹമ്മദ് ദേവർകോവിലിനെ മാറ്റി നിർത്താത്തത് രാജ്യതാൽപര്യത്തിന് എതിരാണെന്നും സുരേന്ദ്രൻ പറഞ്ഞു.