തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിക്കഴിഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
റഡാര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി മനുഷ്യ സഹായമില്ലാതെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്താന്‍ സാധിക്കും. മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി 50 ശതമാനം റോഡപകടങ്ങള്‍ കുറക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യം വെക്കുന്നത്.
പ്രധാന റോഡുകളിലാണ് ക്യാമറ സ്ഥാപിക്കുക. ഇടയ്ക്കിടെ സ്ഥാനം മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന വൈര്‍ലെസ് ക്യാമറയാകും സ്ഥാപിക്കുക. അതിനാല്‍തന്നെ ക്യാമറ സ്ഥാപിക്കുന്ന സ്ഥലം മുന്‍കൂട്ടി അറിയാന്‍ യാത്രക്കാരന് സാധിക്കില്ല. അമിതവേഗം പിടികൂടുന്നതിനു നാലുമൊബൈല്‍ യൂണിറ്റുകള്‍കൂടി നിലവില്‍ വരും. മാത്രമല്ല 700 ഓട്ടോമേറ്റഡ് ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.