KeralaNews

ട്രോള്‍ വീഡിയോയ്ക്കുവേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കി! യുവാക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: ട്രോള്‍ വീഡിയോ ഉണ്ടാക്കാന്‍ മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മഹാദേവികാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത് ,അനന്തു എന്നിവരുടെ ലൈസന്‍സും, വാഹനത്തിന്റെ ആര്‍സി ബുക്കും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍ പെടുകയും തൃക്കുന്നപ്പുഴയില്‍ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി.

രണ്ടാഴ്ച മുമ്പാണ് സിനിമാ സ്‌റ്റൈലില്‍ ഇവര്‍ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഇടിച്ചത്. അമിത വേഗതയില്‍ ഇരു ചക്ര വാഹനങ്ങള്‍ ഓടിച്ച് അപകടം ഉണ്ടാക്കുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും, ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തി. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘിക്കുന്നവര്‍ക്ക് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിച്ച് പിഴ ചുമത്തുന്നതിനുവേണ്ടിയാണ് അധികൃതര്‍ ചിത്രം പകര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button