ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൂബൈ പ്രവിശ്യ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ജനജീവിതത്തെ ആകെ വൈറസ് ബാധ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഗുരുതരരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി ഹൂബൈയില്‍ നിന്നു പുറത്തുകടക്കാന്‍ സാധിക്കാതെ വന്ന ഒരമ്മ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വാര്‍ത്തയാണ് ഏവരേയും കണ്ണീരിലാഴ്ത്തുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ലു എന്ന കര്‍ഷക സ്ത്രീയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹൂബൈ പ്രവിശ്യയിലെ ജിയുജിയാംഗ് യാംഗ്‌സേ നദിക്ക് സമീപമാണ് ലുവും ലൂക്കീമിയ ബാധിച്ച മകളും താമസിക്കുന്നത്. മേഖലയിലെ ആശുപത്രികളെല്ലാം പനി ബാധിച്ച ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ലൂക്കീമിയ ബാധിച്ച 26കാരിയായ ലുവിന്റെ മകള്‍ക്ക് കീമോതെറാപ്പി നടത്തേണ്ട ദിവസങ്ങളാണ് ഇത്. കീമോതെറാപ്പി ചെയ്യാന്‍ ജിയുജിങിലെ ആശുപത്രിയിലേക്ക് ഇവര്‍ വീട്ടില്‍ നിന്നു പുറപ്പെടുകയും ചെയ്തു.
എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ ഇവരുടെ യാത്ര ഹൂബൈ പാലത്തിലെ ചെക്ക് പോയിന്റില്‍ തടഞ്ഞു. ഇതോടെയാണ് പോലീസുകാര്‍ക്ക് മുന്നില്‍ ലു പൊട്ടിക്കരഞ്ഞത്. ‘എന്നെ കടത്തിവിടേണ്ട, എന്റെ മകളെ കടത്തിവിടൂ അവള്‍ക്ക് ചികിത്സ നല്‍കൂ’ എന്നായിരുന്നു കരഞ്ഞുകൊണ്ട് ലു പറഞ്ഞത്. വാര്‍ത്താ ഏജന്‍സികള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചതോടെ പോലീസ് ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായി.