കൊല്ലം: അമ്മയും മകനും പരസ്പരം മത്സരിച്ച കിഴക്കൻ മലയോരത്തെ ഇടമുളയ്ക്കൽ പഞ്ചായത്ത് പനച്ചവിള വാർഡിൽ ഇരുവരും പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ എം ബുഹാരി 88 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയായി സുധർമ്മ ദേവരാജൻ മത്സരിക്കാൻ ഇറങ്ങിയപ്പോൾ സുധർമ്മയുടെ മകൻ ഡി എസ് ദിനുരാജിനെയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. സുധർമ്മ മഹിളാ മോർച്ചാ നേതാവും ദിനുരാജ് ഡിവൈഎഫ്ഐ ഇടമുളയ്ക്കാൽ മേഖലാ ട്രഷററും ആണ്.
കോൺഗ്രസിന്റെ എം ബുഹാരി 511, സിപിഎമ്മിവൻ്റെ ഡി എസ്.ദിനുരാജ് 423, ബിജെപിയുടെ സുധർമ് ദേവരാജൻ 335 എന്നിങ്ങനെയാണ് വോട്ട് നില. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. 2015 ൽ പനച്ചവിള വനിതാ സംവരണ വാർഡായിരുന്നപ്പോഴാണ് സുധർമ്മ ഇവിടെ ആദ്യം മത്സരിക്കുന്നത്. 335 വോട്ട് നേടി കോൺഗ്രസിനെ മറികടന്ന് സുധർമ്മ അന്ന് രണ്ടാമത് എത്തിയിരുന്നു. 512 വോട്ട് നേടിയാണ് സിപിഎം പ്രതിനിധി വാർഡിൽ നിന്ന് അന്ന് വിജയിച്ചത്. 2015 ൽ മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ്, അമ്മ മകൻ പോര് ഒരു വശത്ത് നടന്നപ്പോൾ മറുവശത്ത് കൂടി വിജയത്തിലേക്ക് നീങ്ങി.
ഒരു വീട്ടിൽ താമസിച്ചിരുന്ന അമ്മയും മകനും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതോടെ രണ്ട് വീടുകളിലേക്ക് താമസം മാറ്റിയിരുന്നു. സുധർമ്മയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് സിപിഎം മകൻ ദിനുരാജിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ആദ്യം കൗതുകത്തോടെയാണ് ജനങ്ങൾ മത്സരത്തെ കണ്ടിരുന്നതെങ്കിലും പിന്നീട് ഗൗരവ സ്വഭാവത്തിലേക്ക് മാറിയതോടെ കോൺഗ്രസും സജീവമായി. ഇതോടെ ശക്തമായ ത്രികോണ മത്സരം രൂപപ്പെട്ടപ്പോഴാണ് അമ്മയെയും മകനെയും തോൽപ്പിച്ച് കോൺഗ്രസ് വിജയം നേടിയത്.